ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത്; റെയിലിനെതിരെ യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും: കെ സുധാകരൻ

single-img
31 December 2021

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ മാധ്യമങ്ങൾ വഴി പുറത്തു വരികയും ച‍ർച്ചയാവുകയും ചെയ്യുന്ന സാഹചര്യത്തിൽ സ‍ർക്കാരിനെതിരെ ജനകീയപ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി കോൺ​ഗ്രസ്. ഇതിന്റെ ഭാഗമായി പദ്ധതിയെ തുറന്നു കാട്ടുന്ന ലഘുരേഖകളുമായി അടുത്ത ആഴ്ച മുതൽ കോൺ​ഗ്രസ് പ്രവ‍ർത്തകർ വീടുകൾ കേറി പ്രചാരണം നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കെ സുധാകരന്റെ വാക്കുകൾ ഇങ്ങിനെ –

ഈ സർക്കാർ കാതലും പൂതലും ഇല്ലാത്തത്. സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് ഇപ്പോൾ ഈ ബുദ്ധി തോന്നാൻ കാരണം എന്താണ്. കെ റെയിൽ രണ്ട് ലക്ഷം കോടിയുടെ പദ്ധതിയാണ്. പാരിസ്ഥിതിക പഠനം നടത്താതെ മുന്നോട്ട് പോകാൻ എന്താണ് കാരണമെന്ന് സ‍ർക്കാർ വ്യക്തമാക്കണം.

സ്വന്തമായ ഏജൻസിയെ വച്ച് തട്ടിപ്പ് സ്വപനം കാണേണ്ട. ജനങ്ങളോട് മുഖ്യമന്ത്രി മാപ്പ് പറയണം. കെ റെയിൽ പദ്ധതിയിൽ ജനഭിപ്രായം അറിയണം എന്ന കാര്യം എല്ലാവരും പറഞ്ഞില്ലേ. എന്നാൽ ഈ കാര്യത്തിൽ സിപിഐഎം നയം മനസിലാകുന്നില്ല. കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് സീതാറാം യെച്ചൂരിക്ക് എന്താണ് പറയാനുള്ളത് എന്ന് വ്യക്തമാക്കണം.

യുഡിഎഫ് കെ റെയിലിന്റെ പ്രത്യാഘാതങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തും. അതിനുവേണ്ടി യുഡിഎഫ് പ്രവ‍ർത്തകർ ലഘുരേഖകളുമായി വീടുകൾ കയറും. പ്രസംഗവും പത്രസമ്മേളനവും നിർത്തി സമരമുഖത്തേക്ക് പോകും. ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ നടപ്പാവില്ലെന്ന് സ‍ർക്കാർ മനസ്സിലാക്കണം.

വരുന്ന ആഴ്ചമുതൽ ലഘുരേഖകളുമായി യുഡിഎഫ് വീട് കയറി പ്രചാരണം ആരംഭിക്കും. എല്ലായിടത്തും നിയമനമടക്കം സിപിഐഎം ജനാധിപത്യവിരുദ്ധ നടപടി സ്വീകരിക്കുന്നു. രാഷ്ട്രപതിയുടെ ഡീലിറ്റ് ശുപാർശയിലെ ഇടപെടൽ പോലും ഇതിന് ഉദാഹരമാണ്. ഗവർണർ പറഞ്ഞതിൽ എന്താണ് യുക്തി.