ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം; കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു

single-img
31 December 2021

ബിൽ ഇല്ലാത്തതിന്റെ പേരിൽ തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ഡച്ച് പൗരന്‍ ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യം പൊലീസ് റോഡില്‍ ഒഴിച്ചുകളഞ്ഞത്. കോവളത്തുനിന്നും വിദേശ പൗരന്‍ മദ്യം വാങ്ങിയ ശേഷം താമസസ്ഥലത്തേക്ക് പോകുകയായിരുന്നു.

യാത്രയിൽ വഴിയരികില്‍ ചെക്കിങ്ങിനിടെ പൊലീസ് വിദേശിയുടെ ബാഗ് പരിശോധിച്ചു. പരിശോധനയിൽ ബാഗില്‍ നിന്ന് മദ്യക്കുപ്പി കണ്ടെടുത്തതോടെ പൊലീസ് ബില്‍ ചോദിച്ചു. എന്നാൽ ബില്‍ തന്റെ കൈവശമില്ലെന്നും ബെവ്‌കോയില്‍ നിന്ന് വാങ്ങിയ മദ്യമാണെന്നും പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥന്‍ മദ്യം ഒഴിച്ചുകളയാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് മദ്യം കുപ്പിയില്‍ നിന്ന് ഒഴിച്ചുകളഞ്ഞ ശേഷം പ്ലാസ്റ്റിക് കുപ്പി കളയാതെ വിദേശി ബാഗില്‍ തന്നെ സൂക്ഷിച്ചു.

പരിസ്ഥിതിക്ക് ദോഷകരമാവുന്ന ഒന്നും താന്‍ ചെയ്യില്ലെന്നായിരുന്നു വിദേശ പൗരന്റെ മറുപടി. ആളുകൾ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാരന്‍, ബില്‍ കാണിച്ചാല്‍ മദ്യം കൊണ്ടുപോകാം എന്ന് പറയുകയും ചെയ്തു.