113 റൺസിന്റെ വൻ വിജയം; സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ

single-img
30 December 2021

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 113 റൺസിന്റെ വലിയ ജയം. ഈ ജയത്തോടെ ചരിത്രമുറങ്ങുന്ന സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം അഞ്ചാംദിനം ലഞ്ച് കഴിഞ്ഞയുടൻ തന്നെ ഇന്ത്യൻ പേസ് നിരയുടെ ആക്രമണത്തിനുമുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു.

അർധസെഞ്ച്വറി നേടിയ നായകൻ ഡീൻ എൽഗാറിന്റെ(77) പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതിരോധക്കോട്ട തകർന്നു വീണു.

ഇന്ത്യയ്ക്കായി ഷമിയും ബുംറയും മൂന്നു വിക്കറ്റ് നേടിയപ്പോൾ സിറാജിനും രവിചന്ദ്രൻ അശ്വിനും രണ്ടുവിക്കറ്റ് വീതം ലഭിച്ചു. ഇന്ത്യയ്ക്കായി ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ കെഎൽ രാഹുലാണ് കളിയിലെ താരം.