വിസി നിയമനം: തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടത്: രമേശ് ചെന്നിത്തല

single-img
30 December 2021

കണ്ണൂർ സർവകലാശാലാ വിസി നിയമന വിവാദത്തിൽ തനിക്ക് പറ്റിയ തെറ്റ് തിരുത്താൻ ഗവർണർ തയ്യാറാവുകയാണ് വേണ്ടതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ സർവകലാശാലകളുടെ ചാൻസലർ പദവി ഒഴിയുന്നത് സർവകലാശാലകളുടെ സ്വതന്ത്രവും സുതാര്യവുമായ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരിക്കൽ പറ്റിയ തെറ്റ് തിരുത്തുന്നതിന് പകരം താൻ ചാൻസലർ പദവിയിൽ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാൻ മാത്രമേ സഹായിക്കു. കേരളത്തിന്റെ നിയമസഭ പാസാക്കിയ നിയമത്തിലൂടെ സ്ഥാപിതമായ ചാൻസലർ പദവി ഗവർണർ സ്വന്തം തീരുമാന പ്രകാരം പൊടുന്നനെ വേണ്ടെന്നു വെയ്ക്കുന്നത് സർവകലാശാലയെ ഭരണ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്ക് കത്തെഴുതിയതുമായി ബന്ധപ്പെട്ട രേഖകൾ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും രാജ്ഭവൻ നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.