നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് കോടതിയില്‍ പൊലീസ്

single-img
29 December 2021

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകി.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സോഷ്യൽ മീഡിയയിലൂടെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ പ്രചരിച്ചത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടൻ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ കോടതിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് ഗൂഡാലോചനയിൽ പുനരന്വേഷണം വേണമെന്ന ആവശ്യം വീണ്ടും മുന്നിലെത്തിയിരിക്കുന്നത്. കേസന്വേഷണത്തിന് സഹായമാകുന്നതാണ് പുതിയ വെളിപ്പെടുത്തലെന്നും നേരത്തെ സമർപ്പിച്ച തെളിവുകളുമായി ചേർന്ന് പോകുന്നവയാണ് പുതിയ വിവരങ്ങളെന്നും പൊലീസ് പറയുന്നു.