അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാം; കേരള കോൺഗ്രസ് ബി പിളർത്താൻ ആരും ശ്രമിക്കേണ്ട: കെ ബി ഗണേഷ് കുമാർ

single-img
29 December 2021

കേരള കോൺഗ്രസ് ബിയെ പിളർത്താൻ ആരും ശ്രമിക്കേണ്ടെന്ന് പാർട്ടി നേതാവ് കെബി ഗണേഷ് കുമാർ എംഎൽഎ . പാർട്ടിക്ക് പുതിയതായി ശാഖയും ഓഫീസും ആരും തുറന്നിട്ടില്ലെന്നും അപ്പകക്ഷ്ണം വീതം വെച്ചപ്പോൾ കിട്ടാതെ വന്നവർക്ക് വിട്ട് പോകാമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, കേരള കോൺഗ്രസ് ഒരു കുടുംബ പാർട്ടിയല്ലെന്നും ഗണേഷ് അവകാശപ്പെട്ടു. കഴിഞ്ഞയാഴ്ചയിൽ കൊച്ചിയിൽ യോഗം ചേർന്ന ഒരു വിഭാഗം കേരള കോൺഗ്രസ് ബി നേതാക്കൾ പാർട്ടി ചെയർമാനായി ഗണേഷിന്റെ സഹോദരി ഉഷ മോഹൻ ദാസിനെ തിരഞ്ഞെടുത്തിരുന്നു.

വിമത വിഭാഗത്തിന്റെ ഈ നടപടിയോടാണ് ഗണേഷിന്റെ പരോക്ഷ പ്രചരണം. ഇപ്പോഴും താൻ തന്നെയാണ് പാർട്ടി ചെയർമാനെന്നും പാർട്ടി പത്തനാപുരം നിയോജകമണ്ഡലം സമ്മേളനത്തിൽ ഗണേഷ് പറഞ്ഞു. പാർട്ടി സ്ഥാപക ചെയർമാൻ ആയിരുന്ന ആ‍ർ.ബാലകൃഷ്ണപിള്ളയുടെ മരണാനന്തരം ഗണേഷ് കുമാർ പാർട്ടി ചെയർമാൻ ആയത് ആരുടെയും അറിവോടെയല്ല എന്നാണ് വിമത വിഭാഗത്തിൻറെ നിലപാട്.