യുപിയിൽ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കാൻ ലുലു ഗ്രൂപ്പ്

single-img
29 December 2021

യുപിയിലെ നോയിഡയില്‍ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് പ്രമുഖ വ്യാപാര – ഭക്ഷ്യസംസ്‌കരണ ശ്രംഖലയായ ലുലു ഗ്രൂപ്പ് അറിയിച്ചു. ഇത്തരത്തിൽ ഒരു പാര്‍ക്ക് സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി.

ഇന്ന് സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സിഇഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിക്ക് ഉത്തരവ് കൈമാറുകയായിരുന്നു. അന്താരാഷ്‌ട്ര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലയ്ക്ക് വലിയ കൈത്താങ്ങായി മാറുമെന്ന് എം എ യൂസഫലി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് വിശദീകരിച്ചു.

സംസ്ഥാന വ്യാപകമായുള്ള പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും-പച്ചക്കറികളും കയറ്റുമതി ചെയ്യാനും, ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനതം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്.

പ്രസ്തുത പാര്‍ക്കിന്റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേര്‍ക്ക് നേരിട്ടും 1500ലധികം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിയ്ക്കും. ലഖ്‌നൗവില്‍ സജ്ജമാകുന്ന ലുലു മാളിന്റെ ഉദ്ഘാടനം 2022 ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് എം എ യൂസഫലി അറിയിച്ചു.