കിഴക്കമ്പലം ആക്രമണം: പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരില്‍ 13 പേര്‍ മാത്രമാണ് പ്രതികൾ: സാബു എം ജേക്കബ്

single-img
27 December 2021

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 164 പേരില്‍ 13 പേര്‍ മാത്രമാണ് പ്രതികളെന്ന് കിറ്റക്‌സ് എംഡി സാബു എം. ജേക്കബ്.

പോലീസിന്റെ കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ഇന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. തികച്ചും യാദൃശ്ചികമായ സംഭവങ്ങളാണ് നടന്നത്.

അക്രമവുമായി ബന്ധപ്പെട്ട് 164 പേരെ കസ്റ്റഡയിലെടുത്തെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതില്‍ 152 പേരെയാണ് തങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. പോലീസ് അറസ്റ്റ് ചെയ്തവരിൽ 12 പേരെ കിറ്റക്‌സിന് അറിയില്ലെന്നും സാബു പറയുന്നു. പ്രദേശത്തെ 12 ലൈന്‍ ക്വാര്‍ട്ടേഴ്‌സിലാണ് കിറ്റക്‌സ് തൊഴിലാളികള്‍ താമസിക്കുന്നത്. അതിൽ 499 പേര്‍ മലയാളികളാണ്. ബാക്കി ഇതരസംസ്ഥാന തൊഴിലാളികളും.

പോലീസ് 10, 11, 12 നമ്പര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് കൊണ്ടുപോയതെന്ന് സാബു പറഞ്ഞു. അതേസമയം,കിറ്റക്‌സ് നിമയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും നിയമം കൈയ്യിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.