വാളയാറിലെ പെണ്‍കുട്ടികളുടേത് കൊലപാതകമല്ല ആത്മഹത്യയാണ്; കുറ്റപത്രവുമായി സിബിഐ

single-img
27 December 2021

വാളയാറിലെ പെണ്‍കുട്ടികളുടേത് കൊലപാതകമല്ല ആത്മഹത്യയാണ് എന്ന കുറ്റപത്രവുമായി സിബിഐ. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ തങ്ങൾക്കേറ്റ നിരന്തരമായ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം, കേസിൽ പൊലീസ് പ്രതിചേര്‍ത്തവരെ തന്നെയാണ് സിബിഐയും പ്രതിചേര്‍ത്തിരിക്കുന്നത്.

അന്വേഷണത്തിൽ ശാസ്ത്രീയ പരിശോധനയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാണെന്ന് തെളിഞ്ഞു. വാളയാറിൽ മൂത്ത പെണ്‍കുട്ടിയുടെ മരണത്തില്‍ വി മധു, എം മധു, ഷിബു എന്നിവരാണ് പ്രതികള്‍. രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ മധുവും പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയെയുമാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്.

ഇന്ന് സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്.പി അനന്തകൃഷ്ണനാണ് പാലക്കാട് പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം,പോക്‌സോ, ആത്മഹത്യാ പ്രേരണ എന്നിവയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയ പ്രധാനപ്പെട്ട വകുപ്പുകള്‍.എന്നിവയ്ക്ക് പുറമെ ഷിബുവിനെതിരെ എസ്.സി/ എസ്.ടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.

അതേസമയം, പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയെന്നായിരുന്നു നേരത്തെ ഉയര്‍ന്നിരുന്ന ആരോപണം. തുടക്കത്തിലേ കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിരുന്നതായി ശക്തമായ ആരോപണമുയര്‍ന്നിരുന്നു.