കിറ്റക്സ് തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം; നേതൃത്വം പെരുമ്പാവൂർ എഎസ്‍പിക്ക്

single-img
26 December 2021

എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.

ഈ അന്വേഷണ സംഘത്തിൽ രണ്ട് ഇൻസ്പെക്ടർമാരും ഏഴ് സബ് ഇൻസ്പെക്ടർമാരുമുണ്ട്. അതേസമയം, നിലവിൽ സംഭവവുമായി ബന്ധപ്പെട്ട് 156 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമ സംഭവങ്ങൾ ഉണ്ടായത്.

കിറ്റക്സ് കമ്പനിയിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ലേബർ ക്യാമ്പിനുള്ളിൽ ക്രിസ്മസ് കരോൾ നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ പലരും മദ്യലഹരിയിലായിരുന്നു. ആഘോഷത്തിനിടെ ഇവർ തമ്മിൽ തർക്കം ഉണ്ടാവുകയും റോഡിലേക്ക് നീളുകയും ചെയ്തു.ഇതിനെ തുടർന്ന് സംഭവത്തിൽ നാട്ടുകാരും ഇടപെട്ടു. എന്നാൽ സ്ഥിതിഗതികൾ വഷളായതോടെ പൊലീസിൽ വിവരം അറിയിച്ചു. പക്ഷെ സ്ഥലത്തെത്തിയ കുന്നത്ത് നാട് ഇൻസ്പെക്ടർക്കും സംഘത്തിനും നേരെ തൊഴിലാളികൾ അക്രമം അഴിച്ചുവിടുകയായിരുന്നു. ഇവർ പോലീസിന്റെ ഒരു വാഹനം പൂർണമായി കത്തിക്കുകയും, രണ്ട് വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്തു.