കെ റെയിൽ: ഭൂമി ഏറ്റെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ധൃതികാട്ടുന്നതിൽ ദുരൂഹത: വിഡി സതീശൻ

single-img
24 December 2021

സംസ്ഥാനത്തെ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ പിണറായി വിജയൻ സര്‍ക്കാര്‍ ധൃതി കാട്ടുന്നതില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതുവരെ ആവശ്യമായ പാരിസ്ഥിതിക – സാമൂഹിക ആഘാത പഠനം നടത്താതെയും, കേന്ദ്ര സര്‍ക്കാരിന്റെ അന്തിമാനുമതി ലഭിക്കാതെയും കെ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ധൃതി ദുരൂഹമാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നതാണെന്നും, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച സര്‍ക്കാരിന് ഹൈക്കോടതിയും ഇപ്പോള്‍ താക്കീത് നല്‍കിയിരിക്കുകയാണെന്നും സതീശന്‍ വിമർശിച്ചു.തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്ന സ്ഥലത്ത് കല്ലിടാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത്. അത് തന്നെയാണ് ഹൈക്കോടതിയും ഇപ്പോള്‍ ശരിവെച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സര്‍ക്കാര്‍ ഇനിയെങ്കിലും തയ്യാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.