ശിരസ്സ് ഛേദിച്ച് സർവ്വകലാശാല ആസ്ഥാനത്ത് വെക്കും; കണ്ണൂർ വിസിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി കത്ത്

single-img
23 December 2021

കണ്ണൂർ സർവകലാശാലയുടെ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് മാവോയിസ്റ്റുകളുടെ വധഭീഷണി. മാവോയിസ്റ്റ് കബനി ദളത്തിന്റെ പേരിൽ ലഭിച്ച കത്തിൽ വിസി നിയനമത്തില്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും വി സിയുടെ ശിരസ്സ് ഛേദിച്ച് സർവ്വകലാശാല ആസ്ഥാനത്ത് വെക്കുമെന്നും പറയുന്നു.

മലയാളത്തിലുള്ള വാക്കുകൾ ഇംഗ്ലീഷ് അക്ഷരങ്ങളിൽ ടൈപ് ചെയ്തതാണ് കത്തിലെഴുതിയിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാലയുടെ വിലാസത്തില്‍ എത്തിയ കത്ത് വിസിയുടെ ഓഫീസ് സ്ഥിരീകരിക്കുകയുണ്ടായി. എന്നാൽ, താൻ ഇതുവരെ കത്തിനെപ്പറ്റി അറിഞ്ഞിട്ടില്ലെന്നാണ് വിസി ഗോപിനാഥ് രവീന്ദ്രന്റെ പ്രതികരണം.

കണ്ണൂരിലെ സിവില്‍ സ്റ്റേഷന് പരിസരത്തെ പോസ്റ്റ് ബോക്സില്‍ നിന്ന് ഇന്ന് രാവിലെയാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമായി നടക്കുന്നതായി പൊലീസ് അറിയിച്ചു.