കെ റെയിൽ: അതിരടയാള കല്ല് സ്ഥാപിക്കരുതെന്ന് ഹൈക്കോടതി; സർവേ തുടരാം

single-img
23 December 2021

സംസ്ഥാന സർക്കാരിന്റെ കെ റെയിലിനെതിരെ കേരള ഹൈക്കോടതി . കെ റെയിൽ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ല് സ്ഥാപിക്കുന്ന നടപടി കോടതി തടഞ്ഞു.പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാതെ സമാനമായ അടയാളങ്ങളുള്ള തൂണുകൾ സ്ഥാപിക്കാൻ ആകില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.എന്നാൽ സിൽവർ ലൈൻ പദ്ധതിക്കായി സർവ്വേ ആൻഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സർവേ തുടരാൻ അധികൃതർക്ക് സാധിക്കുമെന്നും കോടതി വിശദീകരിച്ചു.

ഇത് പ്രകാരം നിയമത്തിൽ പറയുന്ന 60 സെന്റിമീറ്റർ നീളമുള്ള കല്ലുകൾ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി കൃത്യമായി പറഞ്ഞു. കോട്ടയം ജില്ലയിൽ നിന്നുള്ള ആളുകൾ നൽകിയ ഹർജിയിലാണ് നടപടി. കെ റെയിൽകടന്നു പോകുന്ന സ്ഥലത്തിന്റെ ഉടമസ്ഥരാണ് ഹർജിക്കാർ.

സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതിക്ക് ഇതുവരെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ സർവേ തടയാനില്ലെന്നും അവർ പറഞ്ഞു. നേരത്തെ തന്നെ കെറെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം സംസ്ഥാനത്ത് പലയിടത്തും ശക്തമായിരുന്നു.