മതപരമായ ചടങ്ങുകളില്ല; പിടി തോമസ് എംഎല്‍എയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

single-img
23 December 2021

കഴിഞ്ഞ ദിവസം അന്തരിച്ച പിടി തോമസ് എംഎല്‍എയുടെ ഭൗതിക ശരീരം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മതപരമായ ചടങ്ങുകളൊന്നുമില്ലാതെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. വൈകിട്ട് 6.50-ഓടെയാണ് സംസ്‌കാരം നടന്നത്. നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തൃക്കാക്കരയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിച്ചത്. പിന്നാലെ പിടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി പി രാജീവും എത്തിയിരുന്നു.

തൃക്കാക്കര കമ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷമാണ് പിടി തോമസിന്റെ മൃതദേഹം രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടു പോയത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഇന്നലെ മുതൽ തന്നെ കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. ആയിരക്കണക്കിന് അണികളാണ് ടൗൺഹാൾ പരിസരത്ത് പ്രിയനേതാവിന് വിടനൽകാൻ എത്തിച്ചേർന്നത്.