ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍

single-img
22 December 2021

ഫോസിലൈസ് ചെയ്യപ്പെട്ട ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് ഏകദേശം 66 ദശലക്ഷത്തിലധികം വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം കണ്ടെത്തിയതായി അവകാശപ്പെട്ട് ഗവേഷകര്‍. തെക്കൻ ചൈനയിലുള്ള പ്രദേശമായ ഗാൻഷൗവിൽ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്.

മുട്ടയുടെ ഉള്ളിൽ വിരിഞ്ഞിറങ്ങാൻ പാകത്തിലുള്ള ഭ്രൂണംഇതുവരെ നാശം സംഭവിക്കാതെയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. പല്ലുകളില്ലാത്ത വിഭാഗമായ തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസർ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിലവിലെ നിഗമനം.

ഗവേഷകർ ‘ബേബി യിങ് ലിയാങ്’ എന്നാണ് ഭ്രൂണത്തിന് പേര് നൽകിയിരിക്കുന്നത്. ലോകത്തിൽ ഇതുവരെ ലഭിച്ചതിൽ വെച്ച് ഏറ്റവും പൂര്‍ണമായതും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടതുമായ ഭ്രൂണമാണിതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോൺ വൈസം മായെ ഉദ്ധരിച്ച് എഎഫ്പി അന്താരാഷ്‌ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തലമുതൽ വാലുവരെ 27 സെ.മീ (10.6 ഇഞ്ച്) നീളമുള്ള ദിനോസർ ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടക്കുള്ളിലാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. നേരത്തെ, 2000ൽ കണ്ടെത്തിയ ഈ ദിനോസർ മുട്ട യിങ് ലിയാങ് സ്റ്റോൺ നേച്ചർ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. മ്യൂസിയം നവീകരണത്തിന്‍റെ ഭാഗമായി പഴയ ഫോസിലുകൾ വേർതിരിക്കവെയാണ് ഈ മുട്ട വീണ്ടും ശ്രദ്ധയിൽപെടുന്നത്. മുട്ടക്കുള്ളിൽ ഭ്രൂണമുണ്ടെന്ന നിഗമനത്തിൽ നടത്തിയ പഠനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്.