ആദിവാസി ഊരുകളിൽ അനുമതിയില്ലാതെ കയറി; ചാരിറ്റി പ്രവർത്തകൻ നാസർ മാനുവിനെതിരെ കേസെടുത്തു

single-img
21 December 2021

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ അനുമതിയില്ലാതെ കയറിയ കാരണത്താൽ ചാരിറ്റി പ്രവർത്തകൻ നാസർ മാനുവിനെതിരെ വനംവകുപ്പ് കേസെടുത്തു. സൈലന്റ് വാലിയുടെ ഭാഗമായ വനത്തിൽ അതിക്രമിച്ചു കയറിയതിനാണ് നടപടി. നാസർ മാനു, പുത്തൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ബഷീർ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയുമാണ് വനം വകുപ്പ് കേസെടുത്തത്.

പ്രദേശത്തെ ഭവാനി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ആശാലതയുടെ നിര്‍ദേശ പ്രകാരം ഡപ്യൂട്ടി റെയ്ഞ്ചര്‍ എം രവികുമാറാണ് കേസെടുത്തിട്ടുള്ളത്. കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിനും ആദിവാസി സമൂഹത്തെ അധിക്ഷേപിച്ചതിനും എസ്സി,എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഊരുനിവാസികള്‍ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. പാലക്കാട് ജില്ല കളകടര്‍, അഗളി ഡി.വൈ.എസ്.പി. എന്നിവര്‍ക്കാണ് ഇവർ പരാതി നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ പ്രാക്തന ഗോത്ര വിഭാഗമായ കുറുമ്പര്‍ മാത്രം താമസിക്കുന്ന ഊരില്‍ ബിരിയാണി വിതരണം ചെയ്യാനെന്ന് പറഞ്ഞാണ് നാസര്‍ മാനുവും സംഘവും പ്രവേശിച്ചത്. ഇവിടേക്ക് കടന്നപ്പോൾ ഇവര്‍ കൊവിഡ് മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല എന്ന് ഇവര്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു.