എഎംഎംഎ തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടി മണിയൻപിള്ളരാജുവും ലാലും; നിവിനും ഹണി റോസിനും തോൽവി

single-img
19 December 2021

മലയാള സിനിമയിലെ താരസംഘടനയായ എ എംഎംഎയിൽ നടന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഫലം. ഔദ്യോഗിക പാനൽ മുന്നോട്ട് വച്ച മൂന്ന് സ്ഥാനാർത്ഥികളെ അട്ടിമറിച്ച് മണിയൻപിള്ള രാജു, വിജയ് ബാബു, ലാൽ എന്നിവർ ജയിച്ചു.

എന്നാൽ ഒദ്യോഗിക പാനലിൻ്റെ ഭാഗമായി മത്സരിച്ച നിവിൻ പോളി, ആശാ ശരത്ത്, ഹണി റോസ് എന്നിവർ പരാജയപ്പെടുകയായിരുന്നു. ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിൻ്റെ വൈസ് പ്രസിഡൻ്റ സ്ഥാനാർത്ഥികളായി ആശാ ശരത്തും ശ്വേതാ മേനോനുമാണ് മത്സരിച്ചിരുന്നത്.

അതേസമയം, മണിയൻപിള്ള രാജു സ്വന്തം നിലയിലും മത്സരിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ മണിയൻപിള്ള രാജു അട്ടിമറി വിജയം നേടി. ആശാ ശരത്ത് പരാജയപ്പെട്ടു. ഇതോടുകൂടി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും മണിയൻപിള്ളരാജുവും എത്തിച്ചേരും.

ആകെയുള്ള 11 അംഗ സംഘടനാ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിൽ നിന്നും ബാബുരാജ്, ലൈന, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, സുധീർ കരമന, സുരഭി ലക്ഷ്മി, ടിനിടോം, ടോവിനോ തോമസ്, ഉണ്ണി, മുകുന്ദൻ, നിവിൻ പോളി, ഹണി റോസ് എന്നിവരാണ് മത്സരിച്ചത്.

ഇവർക്കെതിരെ വിജയ് ബാബു,ലാൽ, നാസർ ലത്തീഫ് എന്നിവർ മത്സരിക്കാൻ രംഗത്ത് എത്തി. ഫലം വന്നപ്പോൾ ഔദ്യോഗിക പാനലിലെ ഒൻപത് പേർ വിജയിച്ചു. നിവിൻ പോളിയും ഹണി റോസും പരാജയപ്പെട്ടു. ലാലും വിജയ് ബാബും അട്ടിമറി ജയം നേടിയപ്പോൾ വിമതനായി മത്സരിച്ച നാസർ ലത്തീഫ് പരാജയപ്പെട്ടു.