വിവാഹപ്രായത്തെ എതിർക്കുന്നവർ യഥാർഥ ഹിന്ദുസ്ഥാനികളല്ല; അവർ താലിബാൻ മനോഭാവമുള്ളവർ: മുഖ്താർ അബ്ബാസ് നഖ്വി

single-img
18 December 2021

ഇന്ത്യയിൽ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർ താലിബാൻ മനോഭാവമുള്ളവരെന്ന പരാമർശവുമായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. പെൺകുട്ടികളുടെ വിവാഹപ്രായത്തെ എതിർക്കുന്നവർ യഥാർഥ ഹിന്ദുസ്ഥാനികളല്ലെന്നും അവർ താലിബാൻ മനോഭാവം വെച്ചു പുലർത്തുന്നവരാണെന്നും ഇന്ത്യയിലെ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ താലിബാൻ മനോഭാവം സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തെ ചില ആളുകൾ എതിർക്കുന്നു എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്.ഈ രീതിയിലുള്ള ചിന്ത താലിബാൻ മനോഭാവമുള്ളവർക്കേ ഉണ്ടാകൂ, ഒരിക്കലും ഹിന്ദുസ്ഥാനികൾ ഇത്തരത്തിൽ ചിന്തിക്കില്ല.

ഇന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ നടന്ന ന്യൂനപക്ഷ അവകാശ ദിനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ ധാരാളം സ്ഥലങ്ങളിൽ ഇത്തരത്തിൽ സ്ത്രീകളുടെ വിവാഹപ്രായം സംബന്ധിച്ച് മാറ്റംവരുത്തിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.