മോദിക്ക് ദൈവമുള്‍പ്പടെ ഒന്നിനെയും ഭയമില്ല; എന്നാല്‍ തെരഞ്ഞെടുപ്പിനെ ഭയക്കുന്നു: പി ചിദംബരം

single-img
17 December 2021

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന പേടി നല്ലതുപോലെ ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ആസാമിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കായുള്ള ത്രിദിന പരിശീലന ക്യാമ്പിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏകാധിപതിയെന്ന് വിളിക്കുകയും അദ്ദേഹത്തെ ഹിറ്റ്‌ലറോട് സാമ്യപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ പരാമര്‍ശം. സ്വന്തം പാര്‍ട്ടി സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ മറ്റൊന്നിനെയും മോദി ശ്രദ്ധിക്കുന്നില്ലെന്ന് പറഞ്ഞ ചിദംബരം, ബി.ജെ.പി സര്‍ക്കാരിനെ ‘വിനാശകരം’ എന്നാണ് വിശേഷിപ്പിച്ചത്.

‘പ്രധാനമന്ത്രി മോദിക്ക് ദൈവമുള്‍പ്പടെ ഒന്നിനെയും ഭയമില്ല. എന്നാല്‍ തെരഞ്ഞെടുപ്പിനെ അദ്ദേഹം ഭയക്കുന്നു. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മോദി എന്തിനെയെങ്കിലും ഭയപ്പെടുന്നു എന്നതില്‍ എനിക്ക് സന്തോഷമുണ്ട്.

എല്ലാ തിരഞ്ഞെടുപ്പുകളിലും മോദിയെ പരാജയപ്പെടുത്തുക എന്നതാണ് രാജ്യത്തെ രക്ഷിക്കാനുള്ള ഏക പോംവഴി,’ ചിദംബരം പറഞ്ഞു. അസാമിൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് പറഞ്ഞ ചിദംബരം രാഷ്ട്രീയത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആശയം ശരിയാണെന്ന് വിശ്വസിക്കാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.