18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്; സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബൃന്ദ കാരാട്ട്

single-img
17 December 2021

രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം കേന്ദ്രസർക്കാർ 21 ആക്കുന്നതിന് എതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേന്ദ്ര സർക്കാർ നടപടി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് അവര്‍ പറഞ്ഞു.

സമൂഹത്തിലെ സ്ത്രീശാക്തീകരണത്തിന് ഇത് സഹായകരമാകില്ല. 18 വയസ്സുള്ള പെണ്‍കുട്ടി മുതിര്‍ന്ന പൗരയാണ്. അവരുടെ ജീവിതം തിരഞ്ഞെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. അതിന് എതിരെയാണ് പുതിയ നീക്കമെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി.

രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും, പോഷകാഹാരം ഉറപ്പിക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടത്. വിവാഹം കഴിക്കാനുള്ള പ്രായം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ പറയുന്ന കാരണങ്ങള്‍ അംഗീകരിക്കാനാവില്ല. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇതെന്ന് അവര്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് 25-ാം വയസ്സിലാണ് വിവാഹം കഴിക്കാന്‍ തോന്നുന്നതെങ്കില്‍ അതിനുള്ള അവകാശമുണ്ട്. വിവാഹം കഴിക്കുന്നില്ല എന്നാണെങ്കില്‍ അതിനും അവകാശമുണ്ട്. വനിതാ ശാക്തീകരണത്തെ കുറിച്ച് പറയുമ്പോഴും അതിന് എതിരെയാണ് പുതിയ നീക്കം. പ്രായത്തില്‍ സമത്വം കൊണ്ടുവരുന്നുവെങ്കില്‍ എന്തുകൊണ്ട് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആയിക്കൂടാ എന്ന് അവര്‍ ചോദിച്ചു. കേന്ദ്രത്തിന്റെ നീക്കത്തില്‍ വ്യക്തമായ അജണ്ടകളുണ്ടെന്ന് ബൃന്ദ കാരാട്ട് ചൂണ്ടിക്കാട്ടി.