ഇ ശ്രീധരന്റെ സേവനം ബിജെപിക്ക് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്: കെ സുരേന്ദ്രൻ

single-img
16 December 2021

സജീവ രാഷ്ട്രീയത്തില്‍ നിന്ന്പി താൻന്മാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിജെപിയില്‍ ഇപ്പോഴും ഇ ശ്രീധരൻ സജീവ പ്രവര്‍ത്തനത്തിലുണ്ടെന്നും മാര്‍ഗ നിര്‍ദേശങ്ങള്‍ യഥാസമയം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘കെ റെയില്‍ ഉൾപ്പെടെയുള്ള വിഷയത്തില്‍ ഉള്‍പ്പടെ ഇ ശ്രീധരന്റെ അഭിപ്രായം കേട്ട ശേഷമാണ് ബിജെപി കൃത്യമായ നിലപാട് സ്വീകരിച്ചത്. ഒരു രാഷ്ട്രീയക്കാരൻ എന്നതിൽ ഉപരിയായി സാങ്കേതിക വിദഗ്ദനെന്ന നിലയിലാണ് അദ്ദേഹം ഇത്രയും കാലം ജനങ്ങളെ സേവിച്ചിരുന്നത്. അങ്ങിനെയുള്ള സാഹചര്യത്തിലാണ് ബിജെപിയുടെ അഭ്യര്‍ത്ഥന മാനിച്ച് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അദ്ദേഹത്തിന്റെ സേവനം ആഗ്രഹിച്ചാണെന്നും, അത് തുടര്‍ന്നും ലഭിക്കുമെന്ന് വിശ്വാസമുണ്ട്’ എന്നും കെ സുരേന്ദ്രന്‍ പ്രതികരിച്ചു.

അതേസമയം, കേരളത്തിൽ കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതില്‍ പോലും സംസ്ഥാന സര്‍ക്കാര്‍ അഴിമതി നടത്തിയത് പുര കത്തുമ്പോള്‍ വാഴവെട്ടുന്നതിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും കെ സുരേന്ദ്രന്‍ വിമർശനം ഉന്നയിച്ചു.