മികച്ച ആശയം; അഭിനന്ദനാർഹം; ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെ അനുകൂലിച്ച് വിടി ബൽറാം

single-img
15 December 2021

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോംഎന്ന പദ്ധതിയുടെ ആശയം അഭിനന്ദനാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വി ടി ബല്‍റാം. വസ്ത്രധാരണം എന്ന് പറയുന്നത് വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കുമെന്നും ജന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേപോലെ തന്നെ ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ലിംഗസമത്വം, ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ സമന്വയിപ്പിച്ച് വേണം മുന്നോട്ടു പോകാനെന്നും വസ്ത്രധാരണ രീതി ആരിലും അടിച്ചേല്‍പ്പിക്കരുതെന്നും ബൽറാം കൂട്ടിച്ചേർത്തു.