ഗോമാതാവിനെ സംരക്ഷിക്കാനായി ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണം; വിവാദ പ്രസ്താവനയുമായി സാധ്വി സരസ്വതി

single-img
14 December 2021

തങ്ങളുടെ വീടിനെയും പശുക്കളെയും സംരക്ഷിക്കുന്നതിനായി ഹൈന്ദവർ വാൾ വാങ്ങി സൂക്ഷിക്കണമെന്ന വിവാദ പ്രസ്താവനയുമായി വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതി. ഇറച്ചി ലഭിക്കാൻ കർണാടകയിൽ വ്യാപകമായി പശുവിനെ കശാപ്പ് ചെയ്യുന്നു. ​

പലപ്പോഴും ഗോശാലകളിൽ നിന്നും പശുക്കളെ മോഷ്ടിക്കുന്നു. ​അതുകൊണ്ടുതന്നെ ഗോമാതാവിനെ രക്ഷിക്കാൻ നാമെല്ലാവരും വാളെടുക്കണമെന്നും ഉഡുപ്പിയില്‍ ഗാന്ധി മൈതാനിയില്‍ നടന്ന ഹിന്ദു സംഗമം പരിപാടിയിൽ അവർ പറഞ്ഞു. ലോകമാകെ ഗോമാതാവിനെ ബഹുമാനിക്കുന്നു. എന്നാൽ കര്‍ണാടകയില്‍ പശുക്കളെ ഭക്ഷണത്തിനായി കൊല്ലുന്നെന്നാണ് സാധ്വി സരസ്വതിയുടെ ആരോപണം.

ഇതുപോലുള്ള അറവുകേന്ദ്രങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട. ലക്ഷക്കണക്കിന് രൂപയുടെ ഫോണുകള്‍ വാങ്ങാന്‍ ആളുകള്‍ക്ക് കഴിയുമെങ്കില്‍, അവര്‍ക്ക് തീര്‍ച്ചയായും അവരുടെ പശുക്കളുടെയും കുടുംബത്തിന്റേയും സംരക്ഷണത്തിനായി ആയുധങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. ഗോവധം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവക്കെതിരെ സർക്കാർ കർശനമായ നിയമം കൊണ്ടുവരണമെന്നും​ സാധ്വി സരസ്വതി ആവശ്യപ്പെട്ടു.