ഗവർണ്ണറുടെ ചാൻസലർ പദവി ഒരു ഭരണഘടനാ പദവിയല്ല: എകെ ബാലൻ

single-img
13 December 2021

രാഷ്ട്രീയ വിവാദമായി മാറിയ കണ്ണൂർ സർവ്വകലാശാല വി സി നിയമന പ്രശ്നത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ബിജെപിയുടെ ശ്രമം എന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ എ കെ ബാലൻ ആരോപിച്ചു. ഭരണഘടനാ ബാധ്യത നിർവഹിക്കേണ്ടത് ഗവർണറും സർക്കാരുമാണ്.

സംസ്ഥാനത്തെ ഗവർണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടൽ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത് അവസരത്തിൽ എന്ന് ഗവർണ്ണർ വ്യക്തമാക്കണമെന്നും എ കെ ബാലൻ പറഞ്ഞു.

ഗവർണ്ണറുടെ സർവകലാശാലകളുടെ ചാൻസലർ പദവി ഒരു ഭരണഘടനാ പദവിയല്ല. ഗവർണ്ണറോട് സർവകലാശാലാ നിയമങ്ങൾ മറികടന്ന് ഒന്നും ചെയ്യാൻ സർക്കാർ പറഞ്ഞിട്ടില്ല. ചില അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. പൗരത്വ ഭേദഗതി നിയമം വന്നപ്പോൾ ഇതിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ഇപ്പോൾ ഇവിടെ കണ്ണൂർ വിസി നിയമനം നിയമപരമായി ചെയ്തതാണ്. ഗവർണറും അത് അംഗീകരിച്ചതാണ്. ഇപ്പോൾ അത് നിയമപ്രകാരമല്ലെന്ന് പറയുന്നത് ഗവർണർക്ക് ഗുണകരമാവില്ല. ഈ പ്രശ്‌നത്തിൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള ബിജെപിയുടെ ശ്രമം വിജയിക്കാൻ പോകുന്നില്ല. സംസ്ഥാന ഗവർണ്ണർമാരെ കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചിരുന്നു.

സംസ്ഥാനത്തെ മുൻ ഗവർണ്ണർ ജസ്റ്റീസ് സദാശിവനും ആരിഫ് മുഹമ്മദ് ഖാനും നിന്ന് കൊടുത്തിട്ടില്ല. ഗവർണ്ണറുംസർക്കാരും ചെയ്തത് നിയമ പരമാണ്. പിന്നെ എന്തിനാണ് വിവാദമുണ്ടാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. നിലവിലെ പ്രശ്നത്തെ ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലുള്ള ഏറ്റുമുട്ടലായി കേരളീയ സമൂഹം കാണില്ല. അതേപോലെ തന്നെ ബന്ധു നിയമന വിഷയത്തിൽ വസ്തുതാ വിരുദ്ധമായ വാർത്തകളാണ് സർക്കാരിനെതിരെ പ്രചരിപ്പിക്കുന്നതെന്നും എ കെ ബാലൻ പറഞ്ഞു.