അധികാരത്തിലുള്ള ഹിന്ദുത്വവാദികൾ വ്യാജ ഹിന്ദുക്കളാണ്: രാഹുൽ ഗാന്ധി

single-img
12 December 2021

ഹിന്ദു- ഹിന്ദുത്വവാദി എന്നിവ തമ്മിലെ വ്യത്യാസം എടുത്തുപറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ നടക്കുന്നത് ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലെ മത്സരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഹിന്ദു, ഹിന്ദുത്വവാദി എന്നിവ വ്യത്യസ്‌തമായ അർത്ഥങ്ങളുള‌ള വാക്കുകളാണ്. ‘ഞാൻ ഹിന്ദുവാണ്. ഹിന്ദുത്വവാദിയല്ല. നിങ്ങളെല്ലാം ഹിന്ദുക്കളാണ്. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു എന്നാൽ ഗോ‌ഡ്‌സെ ഒരു ഹിന്ദുത്വവാദിയും. സത്യാന്വേഷണത്തിനായാണ് മഹാത്മാഗാന്ധി ജീവിതം ചെലവഴിച്ചത്.

പക്ഷെ ഹിന്ദുത്വവാദിയായ ഗോ‌ഡ്‌സെ മൂന്ന് വെടിയുണ്ട കൊണ്ട് ആ ജീവനെടുത്തു.’ രാഹുൽ രാജസ്ഥാനിലെ ജയ്‌പൂരിൽ നടന്ന കോൺഗ്രസ് റാലിയിൽ പറഞ്ഞു. സത്യത്തിന് വേണ്ടിയുള‌ള ജീവിതമാണ് ഹിന്ദുവിന്റേത്. സത്യത്തിന് വേണ്ടി മരിക്കാനും ഹിന്ദു തയ്യാറാകും.

ഭഗവത്‌ഗീത ഹിന്ദുവിനോട് ആവശ്യപ്പെടുന്നതും സത്യം കണ്ടെത്താനാണ്. എന്നാൽ ഹിന്ദുത്വവാദിയ്‌ക്ക് വേണ്ടത് സത്യമല്ല അധികാരമാണ്. അതിന്റെ ഭയം മൂലം അവർ എല്ലായ്‌പ്പോഴും വെറുപ്പ് പ്രചരിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു. 2014 മുതൽ ഹിന്ദുത്വവാദികൾ അധികാരത്തിലുണ്ട്. ഹിന്ദുക്കളെ ഇവർ അക‌റ്റി. ഈ ഹിന്ദുത്വവാദികൾ വ്യാജ ഹിന്ദുക്കളാണ്. രാജ്യത്തെ വിലക്കയ‌റ്റവും തൊഴിലില്ലായ്‌മയും നിങ്ങൾ അനുഭവിക്കുന്നില്ലേയെന്നും രാജ്യം ഭരിക്കുന്നത് നേതാക്കളല്ലെന്നും മൂന്നോ നാലോ മുതലാളിമാരാണെന്നും രാഹുൽ ആരോപിച്ചു.