സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല; സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് ഗവർണർ

single-img
12 December 2021

താൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്നും സമ്മർദ്ദത്തിൽ പ്രവർത്തിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം ഇന്ന് ദില്ലിയിൽ പറ‌ഞ്ഞു.

അതേസമയം, മുഖ്യമന്ത്രി നടത്തിയ ബാഹ്യ ഇടപെടൽ എന്ന ആരോപണത്തോട് പ്രതികരിക്കാനില്ലെന്നാണ് ഗവർണറുടെ നിലപാട്. ഇവിടെ ഓരോരുത്തർക്കും സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്യമുണ്ട്, സമ്മർദ്ദത്തിൽ ആയി പ്രവർത്തിക്കാൻ താൽപ്പര്യമില്ലാത്തിനാലാണ് ചുമതല ഒഴിയുന്നത്. മുഖ്യമന്ത്രിയുടെ അഭിപ്രായപ്രകടനങളിൽ പ്രതികരിക്കുന്നില്ല – ഗവർണ‌ർ പറഞ്ഞു.

കേരളത്തിനെ സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലെന്ന ഗവർണരുടെ വിമർശനത്തിന് വാർത്താസമ്മേളനം വിളിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞത്. നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിസി നിയമനം കക്ഷി രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന പ്രസ്താവന ഒട്ടും ശരിയല്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യാൻ ഗവർണറോട് ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.