അമ്മയെയും പെങ്ങളെയും തിരിച്ചറിയണം കേട്ടോ; ലീഗ് നേതാക്കൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

single-img
12 December 2021

മുസ്ലീംലീഗ് നേതാക്കൾ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുടുംബത്തില്‍ നിന്നാണ് സംസ്‌കാരം തുടങ്ങേണ്ടതെന്നും അമ്മയെയും പെങ്ങളെയും തിരിച്ചറിയുകയാണ് ആദ്യം വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ചെത്തുകാരന്റെ മകനായതില്‍ അഭിമാനമുണ്ടെന്ന് പല വേദികളിലും താന്‍ പറഞ്ഞിട്ടുണ്ട്. ചെത്തുകാരന്റെ മകനെന്ന് വിളിച്ചാല്‍ പിണറായി വിജയന് വിഷമമാകുമോയെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും ലീഗിനോട് മുഖ്യമന്ത്രി ചോദിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ”നിങ്ങളുടെ സംസ്‌കാരം എവിടെയാണ് എത്തുന്നത്. കേരളം കണ്ടതാണ് കോഴിക്കോട് വേദിയില്‍ ലീഗിലെ എല്ലാ നേതാക്കളെയും ഇരുന്ന് കൊണ്ട് നിങ്ങളുടെ പ്രാസംഗികന്‍മാരുടെ വായില്‍ നിന്ന് വന്നത്. എന്തിനാണ് നിങ്ങള്‍ക്ക് ഇത്രയും അസഹിഷ്ണുത.

സംസ്ഥാനത്തെ വഖഫ് ബോര്‍ഡ് പ്രശ്‌നവുമായി ബന്ധപ്പെട്ട്, എന്റെ ഹൈസ്‌കൂള്‍ ജീവിതകാലത്ത് മരണപ്പെട്ട എന്റെ പാവപ്പെട്ട അച്ഛനെ പറയുന്നത് എന്തിനാണ്. അദ്ദേഹം എന്ത് തെറ്റാണ് നിങ്ങളോട് ചെയ്തത്. അദ്ദേഹം ചെത്തുകാരനായതാണോ ചെയ്ത തെറ്റ്. ആ ചെത്തുകാരന്റെ മകനായതില്‍ അഭിമാനമുണ്ടെന്ന് പല വേദികളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. ചെത്തുകാരന്റെ മകനെന്ന് വിളിച്ചാല്‍ പിണറായി വിജയന് വിഷമമാകുമോയെന്നാണോ നിങ്ങള്‍ കരുതുന്നത്.”

”നിങ്ങള്‍ പറഞ്ഞ മറ്റ് കാര്യങ്ങള്‍ ഞാന്‍ പറയുന്നില്ല. ഇത്തരമാളുകളോട് ഒന്നേ പറയാനുള്ള. അമ്മയെയും പെങ്ങളെയും തിരിച്ചറിയണം കേട്ടോ. ആദ്യം അതാണ് വേണ്ടത്. കുടുംബത്തില്‍ നിന്ന് സംസ്‌കാരം തുടങ്ങണം. അദ്ദേഹത്തിന് അത് ഉണ്ടോയെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ആലോചിച്ചാല്‍ മതി. വിരട്ടല്‍ കൊണ്ട് കാര്യങ്ങള്‍ നേടി കളയമെന്ന് ധാരണ വേണ്ട.

നിങ്ങള്‍ പറയുന്നത് സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വസിക്കാന്‍ കഴിയില്ലെന്ന്. ഞങ്ങള്‍ ആരൊടെക്കെ പറഞ്ഞുവോ, അവര്‍ക്ക് ഞങ്ങളെ പൂര്‍ണവിശ്വാസമാണെന്ന്. ഞങ്ങള്‍ക്ക് അത് മതി. മുസ്ലീം സമുദായം ഞങ്ങളെ വിശ്വാസത്തിലെടുക്കും. എതിര്‍പ്പുകള്‍ ഉയരുമ്പോള്‍ നാടും ജനങ്ങളും നമുക്കൊപ്പമാണ്. അവരുടെ കൂടെ നില്‍ക്കുക.”