ഒമിക്രോൺ രോഗികൾ കൂടുന്നു,​ കേരളം ഉൾപ്പെടെ പത്ത് സംസ്ഥാനങ്ങൾ നിയന്ത്രണം ശക്തമാക്കണം; രാത്രികർഫ്യൂ ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി കേന്ദ്രം

single-img
11 December 2021

രാജ്യമാകെ ഒമിക്രോൺ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കേരളം അടക്കംഉൾപ്പെടെ പത്തു സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ കണക്കുകൾ പ്രകാരം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യസെക്രട്ടറി അയച്ച കത്തിൽ നിർദേശം നൽകി.

ഇത് പ്രകാരം വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കർക്കശമാക്കാനുമാണ് പറഞ്ഞിട്ടുള്ളത്. പ്രധാനമായും രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ടി പി ആർ 10 ശതമാനത്തിനും മുകളിലാണ്. അതേസമയം ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ടി പി ആർ അ‍ഞ്ചിനും പത്തിനും ഇടയിലാണെന്നും കേന്ദ്ര ആരോ​ഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ഓർമ്മപ്പെടുത്തി.

കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഇപ്പോൾ ടി പി ആർ ഉയർന്നു നിൽക്കുന്നത്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ഈ 27 ജില്ലകളിലും ജാ​ഗ്രതയും പരിശോധനയും കൂടുതൽ ശക്തമാക്കാൻ നിർദേശിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലെ കൊവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണം കർശനമാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലായി 33 പേർക്കാണ് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്. ഇവരിൽ കൂടുതൽ പേരും മഹാരാഷ്ട്രയിലാണ്. ഇവിടെ 17 പേരിൽ ഒമിക്രോൺ കണ്ടെത്തിയതോടെ സംസ്ഥാനസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.