ഇന്ന് രാജ്യമാകെ വിജയ ദിവസം; പ്രതിഷേധം അവസാനിപ്പിച്ച് കര്‍ഷകര്‍ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങും

single-img
11 December 2021

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ അതിര്‍ത്തിയിലെ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് കര്‍ഷകര്‍ ഇന്ന് സ്വന്തം നാടുകളിലേയ്ക്ക് തിരികെ പോകും. തങ്ങൾ നടത്തിയ സമരം ലക്ഷ്യം കണ്ടതിനെ തുടര്‍ന്ന് ഇന്ന് രാജ്യമൊട്ടാകെ കര്‍ഷകര്‍ വിജയ ദിവസമായി ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിയ പ്രക്ഷോഭങ്ങള്‍ നടന്ന ഭൂമിയാണ് ഇന്നത്തോടെ ശാന്തമാകുന്നത്. വിവാദമായ മൂന്നു നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കിസാന്‍ സംയുക്ത മോര്‍ച്ച സിംഗു അതിര്‍ത്തിയില്‍ നടത്തിവന്ന സമരം അവസാനിപ്പിക്കാൻ തീരുമാനം എടുത്തത്.

സമരം അവസാനിപ്പിക്കുന്നതായി സംയുക്ത കിസാന്‍ മോര്‍ച്ച് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ മുതല്‍ ഇവിടെ നിന്ന് കര്‍ഷകര്‍ അവരുടെ സാധനങ്ങള്‍ മാറ്റാന്‍ ആരംഭിച്ചു. ഇപ്പോൾ തന്നെ സിംഗുവിലെ താല്‍ക്കാലിക ടെന്റുകളെല്ലാം പൊളിച്ചു തുടങ്ങി. വിജയഘോഷ മാര്‍ച്ച് നടത്തിയതിന് ശേഷമാണ് കര്‍ഷകര്‍ മടങ്ങുക. അതേസമയം, പ്രക്ഷോഭ സ്ഥലത്തു നിന്ന് ഒഴിയാനായി ഈ മാസം 15 വരെ ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ കര്‍ഷര്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്.