തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ല; അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ നജ്മ തബ്ഷീറ

single-img
10 December 2021

മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നരീതിയിൽ ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ ഹരിത മുന്‍ ഭാരവാഹി നജ്മ തബ്ഷീറ രംഗത്തെത്തി. മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്നും തിരുത്തിയത് കൊണ്ട് അത് തെറ്റല്ലാതാകുന്നില്ലെന്നും നജ്മ ഒരു ചാനലിന് ന്ൽകിയ അഭിമുഖത്തിൽ പറഞ്ഞു.

”അദ്ദേഹം നടത്തിയ പ്രസ്താവന അദ്ദേഹം തിരുത്തി പറഞ്ഞിട്ടുണ്ട്. ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറഞ്ഞ് കുറിപ്പിറക്കിയിട്ടുണ്ട്. അതേസമയം അത് തെറ്റാണ് ചെയ്തത് ശരിയല്ല, എന്ന് പറഞ്ഞ് ഞാൻ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. പൂർണ്ണമായി അങ്ങനെ തന്നെ പറയുന്നു. പക്ഷേ തിരുത്താൻ തയ്യാറായി എന്നുള്ളത് വലിയ കാര്യമാണ്. അങ്ങനെ ചെയ്തതിന് ശേഷവും പിന്നീട് ആ പ്രശ്നത്തിന്റെ മുകളിലല്ല നിൽക്കേണ്ടത്. തിരുത്താൻ തയ്യാറായത് പോസിറ്റീവായിട്ടുള്ള കാര്യമാണ്.

അങ്ങിനെ ചെയ്തതിനെ പോസിറ്റീവായി തന്നെ കാണണം. എന്നാൽ അത് തെറ്റായിരുന്നില്ല എന്ന് ന്യായീകരണമില്ല. അത് തെറ്റ് തന്നെയായിരുന്നു. തെറ്റ് മനസ്സിലാക്കി തിരുത്തി. ഇപ്പോഴുള്ള സാഹചര്യത്തിൽ അത് മാറിയിട്ടുണ്ട്. ഇനി അതിന്റെ മുകളിൽ കടിച്ചുതൂങ്ങുക എന്നുള്ളതല്ലല്ലോ?” നജ്മ ചോദിക്കുന്നു.