കുനൂർ ഹെലികോപ്റ്റർ അപകടം; പ്രദീപിന്റെ മരണവിവരം മാതാപിതാക്കളെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ

single-img
9 December 2021

ഊട്ടിക്ക് സമീപം കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച തൃശൂർ സ്വദേശിയുടെ മാതാപിതാക്കളെ ഇനിയും വിവരം അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കൾ. മരണപ്പെട്ട പ്രദീപിന്റെ അച്ഛൻ രോഗിയാണെന്നും അതിനാലാണ് ഇതുവരെ വിവരം അറിയിക്കാതിരുന്നത് എന്നും ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പൊന്നൂക്കരയിലെ ജനങ്ങളൊക്കെ നടുക്കത്തിലാണ്. നാട്ടിൽ വന്നുകഴിഞ്ഞാൽ ഏല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു. ആ വിഷമം എല്ലാവർക്കുമുണ്ട്. വിവരം അറിഞ്ഞ സമയം മുതൽ വീടിൻ്റെ പരിസരത്ത് വന്ന് നിൽക്കുകയാണ് എന്നും പൊന്നൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് മാധ്യമങ്ങളോട് പറഞ്ഞു.

വെറും രണ്ടാഴ്ച മുൻപ് പ്രദീപ് നാട്ടിൽ വന്നുപോയതാണ്. ആ സമയം അച്ഛൻ ഐസിയുവിലായിരുന്നു. പ്രദീപ് ആശുപത്രിയിൽ തന്നെ ആയിരുന്നു. അച്ഛൻ ഡിസ്ചാർജ് ആയിക്കഴിഞ്ഞ് കഴിഞ്ഞ ആഴ്ച പ്രദീപ് തിരികെ പോയി. ഭാര്യയും രണ്ട് മക്കളും അവിടെയാണ്. മൂത്ത മകൻ അവിടെ പഠിക്കുകയാണ്. മകൾക്ക് രണ്ട് വയസേ ആയിട്ടുള്ളൂ എന്ന് പ്രദീപിൻറെ ബന്ധു പ്രതികരിച്ചു.

അതേസമയം സംയുക്ത സൈനിക മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ ഈ മാസം പത്തിന് നടക്കും. രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കൻ്റോണ്മെൻ്റിൽ തന്നെയാവും ചടങ്ങുകൾ നടക്കുക. രണ്ട് പേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. സൈന്യത്തിൻ്റെ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതികശരീരങ്ങൾ എത്തിക്കുക.