വഖഫ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെ: ടി സിദ്ദിഖ്

single-img
9 December 2021

സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ് സിക്ക് വിടുന്ന കാര്യം ഒരിക്കലും അനുവദിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ്. ഈ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നീങ്ങുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ആയിരം തവണ കേരളം ഭരിച്ചാലും വഖഫ് നിയമനം പിഎസ് സിക്ക് വിടാന്‍ അനുവദിക്കില്ല.

സമൂഹത്തിൽ അരക്ഷിതാവസ്ഥയും മത സാമുദായിക ഭിന്നിപ്പും സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട് സംസാരിക്കവെ പറഞ്ഞു. നേരത്തെ ഒരിക്കൽ ചര്‍ച്ച് ബില്‍ കൊണ്ടുവന്ന് ചര്‍ച്ചയ്ക്ക് വിളിച്ച് കൂടെനിര്‍ത്താൻ ശ്രമം നടത്തിയ പോലെ ഒരോ സാഹചര്യത്തിലും ബ്ലാക്ക് മെയിലിംഗ് ഇടപെടലുകളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

ഒരിക്കൽ പോലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കാത്ത നിയമം എന്തിന് നിലനിര്‍ത്തുന്നു എന്നതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സമസ്ത ഉയർത്തുന്ന എതിര്‍പ്പ് വകവെയ്ക്കാതെ വഖഫ് നിയമന വിവാദത്തില്‍ പ്രക്ഷോഭവുമായി മുസ്ലിം ലീഗ് മുന്നോട്ടുപോവുകയാണ്. അതേസമയം,വഖഫ് ബോര്‍ഡ് നിയമനം സംബന്ധിച്ച് സര്‍ക്കാരിന് പ്രത്യേക നിര്‍ബന്ധ ബുദ്ധിയില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.