കേരളത്തിന്റെ സില്‍വര്‍ ലൈനിന് അനുമതി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

single-img
9 December 2021

കേരളാ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അടിയന്തിരമായി അനുമതി നല്‍കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

കെറെയിൽ പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് ഉള്‍പ്പടെയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഇന്ത്യയുടെ തന്നെ ആകെ വികസനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള 13,700 കോടിയും, കെ റെയില്‍ എടുക്കുന്ന വായ്പയുടെ ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് നേരത്തെ ഉറപ്പ് നല്‍കിയിരുന്നതും കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിലെ ദേശീയ റെയില്‍ പ്ലാനില്‍ കേരളത്തിന്റെ സില്‍വര്‍ ലൈന്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി അറിയിച്ചാണ് കത്ത് തുടങ്ങുന്നത്. കഴിഞ്ഞ ജൂലൈയില്‍ നല്‍കിയ മെമ്മോറാണ്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു സില്‍വര്‍ ലൈനെന്നും മുഖ്യമന്ത്രി കത്തില്‍ ഓർമ്മപ്പെടുത്തുന്നു.

തങ്ങൾക്ക് കേരളത്തിൽ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. കേരളത്തിന്റെ ഭാവി സാമ്പത്തിക വളര്‍ച്ചയിലും ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിലും സുപ്രധാന പങ്ക് പദ്ധതിയ്ക്കുണ്ടെന്നും സില്‍വര്‍ ലൈന്‍, വിഴിഞ്ഞം തുറമുഖം, വ്യവസായ ഇടനാഴി എന്നിവ വരുന്നതോടെ റെയില്‍വേയ്ക്കും അത് ഗുണകരമാവുമെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.