മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടി; ഒന്‍പത് ഷട്ടറുകള്‍ തുറന്നു; ഒഴുക്കിവിടുന്നത് 7140 ഘനയടി വെള്ളം

single-img
8 December 2021

ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഒന്‍പത് ഷട്ടറുകള്‍ തുറന്നു. 60 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടുകൂടി ഒഴുക്കിവിടുന്ന വെള്ളത്തിന്‍റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്. ഡാമിൽ നിന്നും രാത്രി കാലങ്ങളിൽ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് പോകുകയാണ് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

നിലവിൽ മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രിയിൽ വെള്ളം തുറന്നുവിടാൻ ആരംഭിച്ചതോടെ പെരിയാർ തീരവാസികൾ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നൽകാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങൾ പ്രതിഷേധിച്ചു.