അയോധ്യ കേസ് തീര്‍പ്പാക്കാന്‍ സാധിച്ചതിന് പിന്നില്‍ പ്രവർത്തിച്ചത് ദൈവിക ശക്തി: രഞ്ജന്‍ ഗൊഗോയ്

single-img
8 December 2021

വര്ഷങ്ങളായി തീരുമാനമാകാതെ കിടന്ന അയോധ്യ കേസ് തീര്‍പ്പാക്കാന്‍ തനിക്ക് സാധിച്ചതിന് പിന്നില്‍ ദൈവിക ശക്തിയുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. മാനവരാശിയുടെ ചരിത്രത്തിന് വിലമതിക്കാനാകാത്ത സംഭാവന നല്‍കാനുള്ള അവസരമായിരുന്നു അയോധ്യ കേസ് എന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ജസ്റ്റിസ് ഗൊഗോയ് അധ്യക്ഷനായിരുന്ന അഞ്ചംഗ ബെഞ്ച് 40 ദിവസം നീണ്ടുനിന്ന വാദം കേള്‍ക്കലിനൊടുവിലാണ് ചരിത്ര വിധി പുറപ്പെടുവിച്ചിരുന്നത്. അതേസമയം, തനിക്ക് ഈ കേസില്‍ വാദം കേള്‍ക്കുന്നിടെ അമിതമായ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും ഗൊഗോയ് വെളിപ്പെടുത്തി.

താൻ എപ്പോഴും കോടതി മുറിക്കുള്ളില്‍ വളരെ ശാന്തനായ പുറംചട്ടയാണ് അണിഞ്ഞിരുന്നതെന്നും തന്റെ അസ്വസ്ഥതകള്‍ ഭാര്യയോട് മാത്രമേ പങ്കിടാന്‍ സാധിച്ചിരുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം വാദം കേള്‍ക്കലിന്റെ അവസാന ദിവസം ഹിയറിംഗ് തടസപ്പെടുത്താന്‍ ഒരാള്‍ മനപ്പൂര്‍വ്വം ശ്രമിച്ച സംഭവവും അദ്ദേഹം പങ്കുവെച്ചു.