വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണം; ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു

single-img
7 December 2021

വിദ്യാർഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപണവുമായി ​മധ്യപ്രദേശില്‍ ഹിന്ദു സംഘടനാ പ്രവർത്തകർ സ്കൂൾ ആക്രമിച്ചു. സംസ്ഥാനത്തെ വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്‍റ്​ ജോസഫ് സ്‌കൂളിലാണ്​സംഭവം. ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.

പ്ലസ്​ടു വിദ്യാർത്ഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ്​ അക്രമം. എട്ട്​ വിദ്യാർഥികളെ സ്കൂൾ അധികൃതർ മതംമാറ്റിയെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ്​ ആക്രമണം ഉണ്ടായത്. സ്കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കല്ലെറിയുന്നതിന്‍റെ ദൃശ്യങ്ങളിൽ ഇതിനകം സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

സ്കൂളിലുണ്ടായിരുന്ന വിദ്യാർഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ്​ അക്രമകാരികളിൽനിന്ന്​ രക്ഷപ്പെട്ടത് എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു​ വിദ്യാർഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ്​ ആക്രമണത്തിന്‍റെ വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആന്‍റണി വ്യക്തമാക്കി. ആക്രമണം വ്യാജ പ്രചാരണത്തെ തുടർന്നെന്ന് സ്കൂൾ മാനേജ്മെന്‍റെ അറിയിച്ചു. അക്രമ സാധ്യത നേരത്തെ പോലീസിനെ അറിയിച്ചിരുന്നെങ്കിലും രണ്ട് പോലീസുകാരെ മാത്രമാണ് സ്കൂളിലേക്ക് സുരക്ഷയ്ക്കായി അയച്ചത്.