ക്രിമിനലുകളായ കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങനെ; അലക്‌സാണ്ടര്‍ ജേക്കബിന്റെ കണ്ടെത്തലുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

single-img
7 December 2021

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി യിലെ കിഴക്കോട്ട് നോക്കിയിരുന്നുള്ള പഠനം ‘പൊളിച്ചടുക്കല്‍ ലേഖന’ത്തിന് പിന്നാലെ കേരളാ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റെ ‘കൂടുതല്‍ കണ്ടെത്തലുകള്‍’ കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ.

ക്രിമിനലുകളായ കുട്ടികള്‍ ഉണ്ടാകുന്നത് എങ്ങിനെയാണ് എന്ന അലക്‌സാണ്ടര്‍ ജേക്കബിന്റെ ‘കണ്ടെത്തലി’നെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ട്രോളുന്നത്. മനോരമയുടെ ആഴ്ച പതിപ്പില്‍ പ്രതിസന്ധികളെ നേരിടാന്‍ എന്ന കോളത്തില്‍ അലക്‌സാണ്ടര്‍ ജേക്കബ് എഴുതിയ ലേഖനമാണ് ഇതിനാധാരമായത്.

മനോരമയിലെ ലേഖനത്തിലെ പരാമര്‍ശം ഇങ്ങനെ: ”അമേരിക്കയിലെയും ഫ്രാന്‍സിലെയും കുഴപ്പക്കാരായ കുട്ടിക ളുടെ ചരിത്രം വിദഗ്ധ പഠനത്തിനു വിധേയമാക്കി. അധ്യാപകരെയും സഹപാഠികളെയും വെടിവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുന്നവര്‍ വയറുകീറി പുറത്തെടുത്ത കുട്ടികളാണെന്നാണു കണ്ടെത്തിയത്. വയറുകീറി പുറത്തുവരുന്ന കുട്ടി ആദ്യം കാണുന്നത് കത്തിയ പിടിച്ചുനില്‍ക്കുന്ന ഡോക്ടറെയാണ്. ആ കത്തിയില്‍നിന്ന് അമ്മയുടെ രക്തം ഇറ്റുവീണുകൊണ്ടിരിക്കും.

ഇങ്ങനെയുള്ള കുട്ടിക്ക് രക്തം പേടിയില്ല.” ഏറെ ചര്‍ച്ചയായ ഈ പരാമര്‍ശങ്ങള്‍ ശാസ്ത്രീയ അടിത്തറയില്ലെന്ന് കണ്ടെത്തിയതോടെ മനോരമ പിന്‍വലിച്ചിരുന്നു.

അതേസമയം, പരാമര്‍ശത്തില്‍ അലക്‌സാണ്ടര്‍ ജേക്കബിനോട് മനോരമ വിശദീകരണം തേടിയപ്പോള്‍ ലഭിച്ച മറുപടി ”ഇന്റര്‍പോളിന്റെ ഒരു റിപ്പോര്‍ട്ടിലാണ് സിസേറിയനിലൂടെ ജനിക്കുന്ന കുട്ടികളില്‍ അക്രമവാസന കൂടുതലാണെന്ന് കണ്ടത്. സ്വാഭാവികമായി ജനിച്ചതും ശസ്ത്രക്രിയയിലൂടെ ജനിച്ചതുമായ കുട്ടികളുടെ കണക്കുകള്‍ നിരത്തിയാണ് ഇന്റര്‍പോള്‍ ഇക്കാര്യം പറഞ്ഞത് എന്നായിരുന്നു.

മാത്രമല്ല, ഇതിനൊപ്പം അലക്‌സാണ്ടര്‍ ജേക്കബിന്റെ മറ്റ് ചില കണ്ടെത്തലുകളും സോഷ്യല്‍മീഡിയ ഇപ്പോൾ ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഒരു വ്യക്തിയുടെ നെറ്റിക്ക് വീതി കൂടുതലുണ്ടെങ്കില്‍ ബുദ്ധി കൂടുതലായിരിക്കും.’ ‘നെറ്റി ഇടതുവശത്തേക്ക് കയറിയിരുന്നാല്‍ ശാസ്ത്രവിഷയങ്ങളില്‍ അഭിരുചി ഉള്ളവര്‍ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാരുടെ മുഖലക്ഷണം അടിസ്ഥാനമാക്കിയ പഠനത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.’ ‘നെറ്റി വലതുവശത്ത് കയറിയിരുന്നാല്‍ മാനവിക വിഷയങ്ങളിലും നടുഭാഗത്ത് കയറിയിരുന്നാല്‍ കണക്ക്-കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയിലും പ്രാവീണ്യം ഉള്ളവര്‍ ആയിരിക്കും.’ ‘നെറ്റി രണ്ടുവശത്തും കയറിയിരിക്കുന്നവര്‍ ഏതു വിഷയവും നന്നായി പഠിക്കും.’ എന്നിവയാണിത്.

കഴിഞ്ഞ ദിവസം , ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പരാമര്‍ശത്തില്‍ വിശദീകരണവുമായി അലക്സാണ്ടര്‍ ജേക്കബ് രംഗത്തെത്തിയിരുന്നു. ഒരു സന്യാസി നടത്തിയ പ്രസംഗമാണ് താന്‍ ഉദ്ധരിച്ചതെന്നും അദ്ദേഹം കള്ളം പറയുമെന്ന് താന്‍ കരുതിയില്ലെന്നും അലക്സാണ്ടര്‍ ജേക്കബ് വിശദീകരിച്ചു.