ഒമിക്രോണിന് ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവ്; ഭീതി വേണ്ടെന്ന് യുഎസ്​ ആരോഗ്യവിദഗ്​ധൻ

single-img
6 December 2021

ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ​കോവിഡിന്‍റെ ഒമിക്രോൺ വകഭേദത്തിന്‍റെ തീവ്രതയെ കുറിച്ചുള്ള പ്രാഥമിക റിപ്പോർട്ടുകൾ തികച്ചും ആശ്വാസം നൽകുന്നതാണെന്ന പ്രസ്​താവനയുമായി അമേരിക്കൻ ​ ആരോഗ്യവിദഗ്​ധൻ ആന്തണി ഫൗച്ചി.

ഇപ്പോൾ ലഭ്യമായ ഫലങ്ങൾ ശാസ്​ത്രലോകത്തെ പ്രോൽസാഹിപ്പിക്കുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം തന്നെ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളനുസരിച്ച്​ ഒമിക്രോൺ ബാധിച്ച്​ ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണം കുറവാണെന്നും ഫൗച്ചി വ്യക്​തമാക്കി. ഈ ഘട്ടത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് അന്തിമ​ നിഗമനങ്ങളിലെത്താനാവില്ല. എങ്കിലും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്നും രോഗം ഗുരുതരമാവുന്നവരുടെ എണ്ണം കുറവാണ്​.

നേരത്തെ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തേക്കാളും തീവ്രത കുറവാണ്​ ഒമിക്രോണിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഒമിക്രോൺ വകഭേദത്തെ കുറിച്ചുള്ള പഠനങ്ങൾ ലാബുകളിൽ തുടരുകയാണ്​. വലിയ രീതിയിൽ ജനിതകവ്യതിയാനം വൈറസിന്​ സംഭവിച്ചോ, വാക്​സിനുകളെ വൈറസ്​ മറികടക്കുമോ, രോഗബാധ എത്രത്തോളം തീവ്രമാകും തുടങ്ങിയ പഠനങ്ങളാണ്​ നടക്കുന്നത്​. അതേസമയം, യു.എസിലെ 30 ശതമാനം സംസ്ഥാനങ്ങളിലും ഒമിക്രോൺ പടർന്നുവെന്ന്​ യു.എസ്​ ആരോഗ്യവിദഗ്​ധർ അറിയിച്ചു.