ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു; കാരണം സര്‍ക്കാരിന്റെ ജാഗ്രതക്കുറവ്: രമേശ് ചെന്നിത്തല

single-img
6 December 2021
Ramesh Chennithala against CPM

കേരളത്തിൽ മയക്കുമരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലഹരിഇത്തരത്തിലുള്ള പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കേരളാ സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി.

പൂവാറിലുള്ള ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അറ്റം മാത്രമാണ്. ഈ വിഷയത്തിൽ പൊലീസും എക്‌സൈസും ഒത്തുകളിക്കുന്നതുകൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ കഴിയുന്നില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കൊച്ചി നഗരത്തിൽ മോഡലുകളായ പെണ്‍കുട്ടികളുടെ ദാരുണ മരണം ഉണ്ടായത് മയക്കുമരുന്നു സംഘത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ മറ്റൊരു ദുരന്ത ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല സ്ഥലങ്ങളിലും നിയമം നടപ്പാക്കേണ്ട പൊലീസ് മേധാവികള്‍ ഇത്തരം അധോലാക പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവരുന്നു. കഴിഞ്ഞ അഞ്ചരവര്‍ഷമായി കേരളം ഭരിക്കുന്ന ഇടതു സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ഇതെന്ന് ചെന്നിത്തല ആരോപിക്കുന്നു.