മുസ്ലീം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ: കോടിയേരി ബാലകൃഷ്ണൻ

single-img
6 December 2021

മുസ്ലീം ലീഗിനെ മുന്നോട്ടു നയിക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിനാലാണ് പള്ളികളിൽ പ്രതിഷേധം നടത്തുമെന്ന് പ്രഖ്യാപിച്ചതെന്നും കോടിയേരി വിമർശിച്ചു.

അതേസമയം തന്നെ, തലശ്ശേരിയിൽ ആർഎസ്എസുകാർ കലാപത്തിന് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളെ ആർഎസ്എസ് വെല്ലുവിളിക്കുകയാണ്. ഹലാൽ എന്ന വാക്കിനെ തെറ്റായി ചിത്രീകരിച്ച് മതചിഹ്നം ആക്കാൻ ശ്രമം നടക്കുന്നുണ്ട്. ചില മുസ്ലീം സംഘടനകൾ ഇതിനു ബദലായി പ്രവർത്തിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.

അധികാര ദല്ലാൾമാരായി പാർട്ടി സഖാക്കൾ പ്രവർത്തിക്കരുത്. ആരും സ്വയം അധികാര കേന്ദ്രങ്ങളാകരുത്. എല്ലാം പാർട്ടിയുമായി ആലോചിക്കണമെന്നും കോടിയേരി പറഞ്ഞു. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ വലതുപക്ഷ ശക്തികൾ ഒന്നിച്ചു ശ്രമിച്ചുവെന്നും കെറെയിൽ പദ്ധതി തകർക്കാൻ യുഡിഎഫും ബിജെപിയും ശ്രമിക്കുന്നുണ്ടെന്നും കൊലപാതകികളെ ജനങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തണമെന്നും ഈ സമീപനമാണ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.