ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല; തെരഞ്ഞെടുപ്പ് പരാജയത്തിൽ മമ്പറം ദിവാകരന്‍

single-img
5 December 2021

കണ്ണൂരിലെ ഇന്ദിരാഗാന്ധി സഹകരണാശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ ഏറ്റ തോല്‍വി സമ്മതിച്ച് ഇപ്പോഴത്തെ പ്രസിഡണ്ട് മമ്പറം ദിവാകരന്‍. ‘പരാജയം ഞാന്‍ സമ്മതിച്ചേ…’എന്നായിരുന്നു മമ്പറം ദിവാകരന്‍ തോവില്‍ മലയാളത്തിലെ ഒരു ചാനലിലൂടെ പ്രതികരിച്ചത്. അവസാന കുറച്ച് ദിവസങ്ങളായി ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നുവെന്നും മമ്പറം പറഞ്ഞു.

അതേസമയം, 5700 പേരുള്ള ആശുപത്രി ഭരണസമിതി മെമ്പര്‍ഷിപ്പില്‍ 1650 നോട് അടുത്ത ആളുകള്‍ മാത്രമാണ് പങ്കെടുത്തതെന്നും അനൗദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്താൻ മമ്പറത്തു വന്ന് തമ്പടിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു കെപിസിസി പ്രസിഡണ്ട് കെ സുധാകരനും കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറും ഡിസിസി ഭാരവാഹികളുമെന്നും മമ്പറം ദിവാകരന്‍ ആരോപിച്ചു. ഇതുകൊണ്ടൊന്നും മമ്പറത്തെ പരാജയപ്പെടുത്താന്‍ കഴിയില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകനായി മരിക്കുവരെയുണ്ടാവുമെന്നും മമ്പറം കൂട്ടിച്ചേർത്തു.

ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ മത്സരം നടന്ന 12 സീറ്റും നേടിയാണ് കെ സുധാകരൻ നയിച്ച ഔദ്യോഗിക യുഡിഎഫ് വിജയിച്ചത്. പാര്‍ട്ടിയെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള തിരിച്ചടിയാണ് ഭരണസമിതിയിലെ യുഡിഎഫ് പാനലിന്റെ വിജയമെന്ന് സുധാകരൻ പ്രതികരിച്ചിരുന്നു.