സ്വന്തം മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ല, ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി

single-img
5 December 2021

നാഗാലാന്‍ഡില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്വന്തം രാജ്യത്തെ മണ്ണില്‍ പൗരന്മാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലെന്നും ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് എന്നതിന് ഉത്തരം വേണമെന്നും രാഹുല്‍ പറഞ്ഞു.

”ഇത് ഹൃദയഭേദകമാണ്. കേന്ദ്രം ശരിയായ മറുപടി നല്‍കണം. നമ്മുടെ സ്വന്തം മണ്ണില്‍ സാധാരണക്കാരോ സുരക്ഷാ ഉദ്യോഗസ്ഥരോ സുരക്ഷിതരല്ലാത്തപ്പോള്‍ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത്?,” അദ്ദേഹം സോഷ്യൽ മീഡിയയിൽ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്തെ മോണ്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സുരക്ഷാ സേനയുടെ വെടിയേറ്റ് 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ഒരു ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരെ ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിച്ചത്.