ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയം: ഉമ്മൻ ചാണ്ടി

single-img
27 November 2021

ദേശീയ തലത്തിൽ നീതി ആയോഗ് 2015-16 വർഷം അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയിൽ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സർക്കാർ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി.

നാഷണൽ ഫാമിലി ഹെൽത്ത് സർവെ 2015-16 ആസ്പദമാക്കിയാണ് ഈ കണ്ടെത്തൽ. 2019- 20 കാലയളവിലെ ഫാമിലി ഹെൽത്ത് സർവെ റിപ്പോർട്ട് പ്രകാരം ഇപ്പോഴുള്ള കണ്ടെത്തലുകൾ പുതുക്കുമെന്ന് നീതി ആയോഗ് വ്യക്തമാക്കുന്നു. മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്താനായി ഇടതു സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിന്റെ അടിത്തറ പാകി എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടത് തെറ്റിദ്ധാരണമൂലമാകാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

എന്തായാലും നേട്ടത്തിൽ മുഖ്യമന്ത്രി അഭിമാനം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്യുന്നു. ആവശ്യമായ പോഷകാഹാരം, ശിശു കൗമാര മരണനിരക്ക്, പ്രസാവനന്തര പരിപാലനം, സ്‌കൂൾ വിദ്യാഭ്യാസം, ഹാജർനില, പാചക ഇന്ധനലഭ്യത, ശുചിത്വം, കുടിവെള്ളലഭ്യത, വൈദ്യുതി, വീട്, ബാങ്ക് അക്കൗണ്ട് തുടങ്ങിയ 12 ഘടകങ്ങളെ ആശ്രയിച്ചാണ് ബഹുതല ദാരിദ്ര്യം നിർവചിച്ചത്. ഈ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്തിയാണ് കേരളം ദാരിദ്ര്യസൂചികയിൽ പിന്നിലെത്തിയത്.