ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
27 November 2021

ലോകമാകെ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ഭീതിയ്ക്കിടെ നിൽക്കുമ്പോൾ ഇന്ത്യയിൽ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ പൗരന്മാരാണ് പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇവരുടെ സ്രവപരിശോധനാഫലം വരാൻ 48 മണിക്കൂർ എടുത്തേക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന സൂചന. നിലവിൽ ഇരുവരെയും ക്വാറന്റീൻ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

ഈ മാസം ഒന്നിനും 26-നും ഇടയിൽ 94 പേരാണ് ദക്ഷിണാഫ്രിക്കയിൽനിന്നെത്തിയത്. ഇവരിൽ രണ്ടുപേരാണ്ഇപ്പോൾ പതിവ് കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല എന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മീഷണർ കെ. ശ്രീനിവാസ് പറഞ്ഞു.