ചൈനയിലെ എയർപോർട്ടിനെ യുപിയിലേത് എന്ന പേരിൽ ട്വീറ്റ് ചെയ്ത് ബിജെപി നേതാക്കൾ

single-img
27 November 2021

യുപിയിലെ ജെവാർ വിമാനത്താവളമെന്ന പേരിൽ രാജ്യത്തെ ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ചൈനയിലെ ദക്‌സിങ് ഇന്റർ നാഷണൽ എയർപോർട്ടിന്റെ ചിത്രം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടതിന് പിന്നാലെ ഈ വിമാനത്താവളത്തിന്റെ പണി പൂർത്തിയായാലുള്ള രൂപമെന്ന നിലയിലാണ് ബിജെപി നേതാക്കളും കേന്ദ്ര മന്ത്രിമാരും ചൈനയിലെ വിമാനത്താവളത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലായ ‘MyGovHindi’ വാട്ടർമാർക്കോട് കൂടി ഈ ചൈനീസ് വിമാനത്താവളത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അബദ്ധം ചൂണ്ടിക്കാട്ടി നിരവധിപേർ രംഗത്ത് വന്നതോടെ ഫോട്ടോ പിൻവലിക്കുകയായിരുന്നു. യുപിയിലെ ബിജെപി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ്, യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവരെല്ലാം അബദ്ധം പറ്റിയവരിൽ ഉൾപ്പെടും.

സമുദ്രത്തിൽ കാണപ്പെടുന്ന സ്റ്റാർ ഫിഷിന്റെ മാതൃകയിലുള്ള വിമാനത്താവളം ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലാണ് പ്രവർത്തിക്കുന്നത്.