ചെറിയ ഒരു ശതമാനം വരുന്ന ക്രിമിനൽ സ്വഭാവമുള്ള പോലീസുകാർ സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നു: പികെ ശ്രീമതി

single-img
26 November 2021

ചെറിയ ഒരു ശതമാനം വരുന്ന ക്രിമിനൽ സ്വഭാവമുള്ള പോലീസുകാർ സേനയ്ക്ക് കളങ്കം ഉണ്ടാക്കുന്നതായി സിപിഎം നേതാവ് പികെ ശ്രീമതി. ഇടതു ഭരണത്തിൽ തുടർച്ചയായി പോലീസ് നടപടികൾ തിരിച്ചടിയാകുന്ന സാഹചര്യത്തിലാണ് പികെ ശ്രീമതിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.

വിമർശനത്തോടൊപ്പം, അഭിമാനകരമായവിധത്തിൽ പകർച്ചവ്യാധി പ്രതിരോധം തീർത്ത്‌ ജനരക്ഷകരായവരാണു കേരളാ പോലീസ്‌ എന്നു ഓർക്കാതിരിക്കുന്നത്‌ നന്ദികേടായിരിക്കുമെന്നും പികെ ശ്രീമതി തന്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നുണ്ട്.

പോസ്റ്റിന്റെ പൂർണ്ണരൂപം:

കേരളാപോലീസ്‌ , തെളിയിക്കപ്പെടാൻ സാദ്ധ്യതയില്ലെന്നു കരുതിയഎത്രയെത്ര കേസ്സുകളാണു ഗവേക്ഷണം നടത്തി തെളിയിച്ചത്‌ . അഭിമാനകരമായവിധത്തിൽ പകർച്ചവ്യാധി പ്രതിരോധം തീർത്ത്‌ ജനരക്ഷകരായവരാണു കേരളാ പോലീസ്‌ എന്നു ഓർക്കാതിരിക്കുന്നത്‌ നന്ദികേടായിരിക്കും.

കേസ്‌ ചാർജ്ജ്‌ ചെയ്ത്‌ ഒറ്റ വർഷം കൊണ്ട്‌ കുറ്റവാളികൾക്ക്‌ കടുത്ത ശിക്ഷ ലഭിക്കുന്ന തരത്തിൽ കേരളാ പോലീസ്‌ അഭിമാനകരമായ വിധത്തിൽ പ്രവർത്തിച്ചു. എന്നാൽ ചെറിയ ഒരു ശതമാനം വരുന്ന , ക്രിമിനൽ സ്വഭാവമുള്ള പോലീസുകാർ ഇപ്പോഴും പോലീസ്‌ സേനക്ക്‌ കളങ്ക മുണ്ടാക്കുന്നു എന്നത്‌ നിർഭാഗ്യകരം തന്നെ.