പരസ്യ വിചാരണ; പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ കേസെടുക്കാൻ ഉത്തരവ്

single-img
26 November 2021

മോഷണക്കുറ്റമാരോപിച്ച് എട്ട് വയസുള്ള കുട്ടിയെയും അച്ഛനെയും പിങ്ക് പൊലീസ് പരസ്യ വിചാരണ സംഭവത്തിൽ കേസെടുക്കാൻ ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. പൊലീസ് ഉദ്യോഗസ്ഥ രജിതക്കെതിരെ ബാലനീതി വകുപ്പുപ്രകാരം കേസെടുക്കാനാണ് ഉത്തരവ്. ആറ്റിങ്ങൽ എസ്എച്ച്ഓയ്ക്കും ഡിവൈഎസ്പിക്കുമാണ് ഉത്തരവ് കൈമാറിയത്.

ഇതോടൊപ്പം അപമാനത്തിനിരയായ കുട്ടിക്ക് മാനസികാഘാതം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണം. കുട്ടികളുടെ നിയമനങ്ങൾ സംബന്ധിച്ച് പൊലീസ് സേനാംഗങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ഉത്തരവ് നടപ്പാക്കി ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശമുണ്ട്.

നേരത്തെ, ആറ്റിങ്ങലിൽ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസിൽ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അച്ഛനെയും മകളെയും പൊലീസ് ഉദ്യോഗസ്ഥയായ രജിത നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തത്.

പൊലീസ് വാഹനത്തിലെ ബാഗിൽ നിന്നും മൊബൈൽ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നിൽ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയാണ് ചെയ്തത്. അന്വേഷണം നടത്തിയ ആറ്റിങ്ങൽ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നൽകിയത്.

പിന്നാലെ ഐജി ഹർഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല നൽകുകയും അവരുടെ റിപ്പോർട്ടിന്മേൽ രജിതയെ തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.