നിശ്ചയദാർഢ്യത്തോടെ നിന്ന ഒരു സ്ത്രീയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്: കെ കെ രമ

single-img
24 November 2021

ദത്തുവിവാദത്തിൽ അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറിയ പിന്നാലെ പ്രതികരണവുമായി ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോൾ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേൽ നൈതിക ബോധ്യം നേടിയ മഹാ വിജയത്തിന്റെ നേർച്ചിത്രമാണത് എന്ന് രമ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ശിശു സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അറിഞ്ഞും ആസൂത്രണം ചെയ്തും നിർവ്വഹിച്ച ഈ കുട്ടിക്കടത്തിന്റെ മുഴുവൻ ഉള്ളുകള്ളികളും വെളിവാക്കപ്പെടണമെന്നും രമ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

സ്വന്തം കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങുമ്പോൾ യാഥാസ്ഥിതിക സദാചാര മൂല്യങ്ങളുടെ മേൽ നൈതിക ബോധ്യം നേടിയ മഹാ വിജയത്തിന്റെ നേർച്ചിത്രമാണത്. അവഹേളനങ്ങളും അപഖ്യാതികളും സ്വകാര്യതകളെ ഒട്ടും മാനിക്കാതെയുള്ള ആൾക്കൂട്ട വിചാരണകൾക്കും മുന്നിൽ നിശ്ചയദാർഢ്യത്തോടെ നിന്ന ഒരു സ്ത്രീയുടെ ഇച്ഛാശക്തിയുടെ വിജയമാണിത്. സമര കേരളത്തിന്റെ ചരിത്രത്തിലെ അപൂർവ്വമായ അഭിമാന നിമിഷമാണത്.

ഒരു കാര്യം ആവർത്തിച്ചുറപ്പിക്കേണ്ടതുണ്ട്. ശിശു സംരക്ഷണത്തിന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ അറിഞ്ഞും ആസൂത്രണം ചെയ്തും നിർവ്വഹിച്ച ഈ കുട്ടിക്കടത്തിന്റെ മുഴുവൻ ഉള്ളുകള്ളികളും വെളിവാക്കപ്പെടണം. സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർ ശിക്ഷിക്കപ്പെടണം.