മോഫിയയുടെ ആത്മഹത്യ; ആലുവ സിഐ സുധീറിനെ സ്ഥലം മാറ്റി; സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്

single-img
24 November 2021

മോഫിയയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ആലുവ സിഐ സുധീറിനെ സർക്കാർ സ്ഥലം മാറ്റി. തലസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ ഡിഐജി അന്വേഷണം നടത്തിയാണ് നടപടി കൈക്കൊണ്ടത്.

അതേസമയം, ഇദ്ദേഹത്തെ വിഷയത്തിൽ സസ്‌പെന്റ് ചെയ്യേണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാൽ ഈ സ്ഥലം മാറ്റം മാത്രമായുള്ള നടപടി അംഗീകരിക്കാന്‍ ആവില്ലെന്ന് മോഫിയയുടെ കുടുംബം പ്രതികരിച്ചു. ഉയർന്ന രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ളയാളാണ് സിഐ. അതിനാലാണ് നടപടി സ്ഥലം മാറ്റത്തില്‍ ഒതുക്കിയതെന്ന് അവര്‍ ആരോപിച്ചു.

സിഐയെ സസ്‌പെന്റ് ചെയ്യമമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഇന്ന് പാർട്ടി പ്രവര്‍ത്തകര്‍ സ്റ്റേഷനുമുന്നില്‍ സിഐയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഇതിനെ തുടർന്ന് ജനപ്രതിനിധികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ മാസം 23 നാണ് ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാന്‍ കഴിയാതെ മോഫിയ ആത്മഹത്യ ചെയ്തത്.

മൊഫിയ വ്യക്തമായ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ സിഐ അധിക്ഷേപിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സിഐക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.