ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തേണ്ടത് ആ വിശ്വാസമുള്ള ഹോട്ടൽ വ്യവസായികളാണ്: അരുൺ കുമാർ

single-img
24 November 2021

ഹലാൽ ഭക്ഷണവും ഡിവൈഎഫ് ഐയുടെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും നടക്കവേ പ്രതികരണവുമായി മാധ്യമ പ്രവർത്തകൻ അരുൺകുമാർ. നാമ ജപം രാഷ്ട്രത്തിൻ്റെ മുദ്രാവാക്യവും ഹലാലും മാമോദീസയും പാർട്ടി പരിപാടിയുമാക്കിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത്. ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തേണ്ടത് ആ വിശ്വാസമുള്ള ഹോട്ടൽ വ്യവസായികളാണ് എന്ന് അരുൺ കുമാർ തന്റെ ഫേസ്ബുക്കിൽ എഴുതി.

ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അസഹിഷ്ണുത ചെറുക്കാൻ ഞാൻ ന്യുനപക്ഷമതത്തിലേക്ക് മാറുന്നു എന്നത് ബാലിശമായ ബുദ്ധിയാണ്. തിളയ്ക്കുന്ന സാമ്പാറിലേക്ക് എടുത്ത് ചാടിയല്ല സാമ്പാർ മേൻമ കാണിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഭക്ഷണത്തിനും പാർപ്പിടത്തിനും തൊഴിലിനും രാഷ്ട്രത്തിനും മതചിഹ്നമില്ലാത്ത രാഷ്ട്രീയ യുക്തിയാണ് മതേതരത്വത്തിൻ്റെ കാതൽ. നാമ ജപം രാഷ്ട്രത്തിൻ്റെ മുദ്രാവാക്യവും ഹലാലും മാമോദീസയും പാർട്ടി പരിപാടിയുമാക്കിയല്ല മതേതരത്വം സംരക്ഷിക്കേണ്ടത്. ഹലാൽ ഫുഡ് ഫെസ്റ്റ് നടത്തേണ്ടത് ആ വിശ്വാസമുള്ള ഹോട്ടൽ വ്യവസായികളാണ്. അതിനോടുള്ള ഐക്യപ്പെടൽ അവരോടൊപ്പം ചേർന്നു നിൽക്കലാണ്.

ഭക്ഷണം സെക്കുലറാണ് എന്നും കഴിക്കുന്നയാളുടെ മതബോധത്തെ മാനിക്കുന്നു എന്നതുമാണ് ഈ രാജ്യത്തെ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന സെക്കുലർ രാഷ്ട്രീയ യുക്തി. നാമജപവും ഹലാലും മാമോദീസയുമെല്ലാം ഭരണഘടനയുടെ തത്വങ്ങളെ ലംഘിക്കില്ലാത്ത പക്ഷം അവരവർക്ക് വിട്ടുകൊടുക്കുന്നതാണ് സെക്കുലറിസം. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അസഹിഷ്ണുത ചെറുക്കാൻ ഞാൻ ന്യുനപക്ഷമതത്തിലേക്ക് മാറുന്നു എന്നത് ബാലിശമായ ബുദ്ധിയാണ്. തിളയ്ക്കുന്ന സാമ്പാറിലേക്ക് എടുത്ത് ചാടിയല്ല സാമ്പാർ മേൻമ കാണിക്കേണ്ടത്.